Tuesday, September 28, 2010

ഗ്രാമം

അവള്‍ എന്റെ ഗ്രാമം
പൂക്കള്‍ പേറിയ ദാവണിയുടുത്ത പൂമ്പാറ്റ
എന്നെ തടവിലിട്ട
നഗരത്തിന്റെ തടവറയിലേക്ക്
കൊലുസിന്റെ താളമിട്ടു വരുന്നവള്‍.
മോഹിപ്പിക്കല്ലേ പെണ്ണെ
എന്ന് മനസ് മന്ത്രിക്കും !
നിന്റെ പച്ചപ്പിലാണെന്റെ സ്വപ്‌നങ്ങള്‍ തുന്നുന്നത്
എന്ന് കേള്‍ക്കുമ്പോള്‍ അവള്‍ ചിരിച്ചു
പെയ്യും, നനഞ്ഞൊഴുകും.
ഇന്നവള്‍ മൂകയാണ്,
എല്ലാം നഷ്ടപ്പെട്ട്, പ്രജ്ഞാശൂന്യയായി
ജഡമായി ,
ചൂത് കളിച്ചവര്‍ പകരം വെച്ചത്
അവളെയായിരുന്നു.
...
ഇനി വാന്‍ ഗോഗ് വരില്ല നിനക്ക്
പൂക്കള്‍ തുന്നാന്‍
നിറങ്ങള്‍ നിന്നെ പുല്കില്ല
എങ്കിലും പൂമ്പാറ്റകള്‍ മുറിവേറ്റ ചിറകുകളുമായി
നിന്നെയന്വേഷിക്കും
ഒരു വട്ടം കാണുന്നതിനു മുമ്പേ അവര്‍
നിന്നെ ശവക്കച്ച പുതപ്പിച്ചുവല്ലോ
നിന്നെ വിവസ്ത്രരാക്കിയവരോട്
അരുതെന്നു പറയാന്‍ ആരുമില്ലാതെ പോയതെന്തേ ?

Sunday, September 26, 2010

രഹസ്യം

പരസ്പരം ഒന്നും പറയാതെ
അവസാന വണ്ടിയും
നഗരത്തെ വിട്ടു
കടന്നു പോയി.
വയറൊഴിഞ്ഞു
നീണ്ടു കിടന്നപ്പോഴാണ്‌
കുപ്പത്തൊട്ടി
വാവിട്ടു കരയാന്‍ തുടങ്ങിയത് !

ഓട്ടോബയോഗ്രഫി

ഒഴിഞ്ഞ വയറുമായി മൂലക്കിരിപ്പുണ്ട്
കിതച്ചു കൊണ്ട് ഒരു ചോറ്റു പാത്രം
കൂട്ട ബെല്ല് ഇപ്പോഴും പെയ്യിക്കുന്നുണ്ട്
പുസ്തകത്തിന്‌ മീതെ പെരുമഴ
ചന്ദ്രന്‍ മാഷിന്റെ തരിശായ ഭൂമിശാസ്ത്രം
രമണി ടീച്ചറുടെ ഗ്രാമറില്‍ ഇപ്പോഴും കണ്ണ് മിഴിചിരിപ്പാണ് !
ഒരേ താളത്തില്‍ നിശബ്ദമാകുന്ന ചോറ്റു പാത്രങ്ങള്‍
പറയുന്നുണ്ട് ഭൂതം, ഭാവി, വര്‍ത്തമാനം.
ഉത്തരം എഴുതാന്‍ ചോദ്യങ്ങള്‍ അവശേഷിപിച്ചു
മഷി തീര്‍ന്ന ഒരു പേനയിരുന്നു വിയര്‍ക്കുന്നു !
കുടയെടുക്കാന്‍ മറന്നു പോയൊരു മഴ
പാതി വഴി പിന്നിട്ടു കിതച്ചു നില്‍ക്കുന്നു.

Friday, September 24, 2010

പ്രണയം

ഭൂമി നെറ്റിയില്‍ ചുംബിച്ചപ്പോഴാണ്
നിന്നെ കുറിചോര്‍ത്തത്

മുഖമക്കന കണ്ണീരില്‍ കുതിര്‍ന്നത്‌
രാവിന്‍ നിശബ്ദതയില്‍
നിന്റെ നാമങ്ങള്‍ എനിക്ക് കൂട്ടായത്
നിന്റെ മൊഴികള്‍ കണ്ണിലേക്കു
പ്രണയമായ് ഒഴുകിയത്
അദൃശ്യമായ നിന്റെ കൈകളിലേക്ക്
ഞാന്‍ പടര്‍ന്നു കയറിയത്
പിന്നെ എനിക്ക് നീ സ്വന്തമായത്.

Sunday, September 19, 2010

എഫ്. ഐ. ആര്‍

വഴി തെറ്റിഅഭിനയിച്ച
ഒരു മിസ്സ്‌ കാള്‍.
വേഷം മാറിയ
പുഞ്ചിരി.
പ്രലോഭനത്തിന്റെ
അക്ഷരമില്ലാത്ത ഭാഷ.
അറിയാതെ കുരുങ്ങി പിടയുമ്പോഴും,
അവള്‍ക്കു ചുറ്റുമുണ്ടാകും
പിടികിട്ടാപുള്ളിയായി !