Sunday, February 27, 2011

ജന്തുലോകം

കല്ലാണ് വിളിച്ചു പറഞ്ഞത്‌,
കുത്തി ചതച്ച പാട് !
ചാഞ്ഞു കിടന്ന പുല്‍കൊടികളാണ്
വലിച്ചാണ് കൊണ്ട് പോയതെന്ന് പറഞ്ഞത്.
പിടഞ്ഞു തീര്‍ന്നപ്പോള്‍

അവശേഷിച്ച അവളുടെ ചോദ്യം,
അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
നിങ്ങളുടെ കണ്ണുകള്‍ !

Tuesday, February 22, 2011

ഫലസ്തീന്‍

നിങ്ങളെ മറക്കുക.
ഫലസ്തീനികളില്‍ ഒരാളാകുക.
ഭയപെടുത്തുന്ന

ആക്രോശത്തില്‍ നിങ്ങളുടെ
വീട് നില്‍ക്കുന്നിടം
ശൂന്യമാകുന്നതും
നിങ്ങള്‍ അഭയാര്‍ഥിയായി
അലയുന്ന കാഴ്ചയും
ദൃശ്യമാകും.
നനച്ചു വളര്‍ത്തിയിരുന്ന
ഒലിവുമരം ഉണങ്ങിയിരിക്കുന്നു.
ആ മരതണലില്‍
കളിച്ചിരുന്ന വെടികൊണ്ട് മരിച്ച
*ദുര്‍റയുടെ കണ്ണില്‍ മാത്രമാണ്
അതിന്റെ പച്ചപ്പ്‌.
അബുദുര്‍റക്ക് മകനെ പോലെയാണ്
ഒലീവ്.
പച്ച ഒലീവിലകള്‍ കയ്യില്‍ പിടിച്ചു
സ്വന്തം മണ്ണിനെ മണത്തു നടക്കുന്നുണ്ട്
ഇപ്പോഴും !
മണ്ണിന്റെ അവകാശികള്‍
അഭയാര്‍ഥികള്‍ മാത്രമാണെന്ന്
നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി കാണും.
ഇനി നിങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് വരിക.
നിങ്ങള്ക്ക് മുമ്പില്‍

ഇതാ ഒരു അഭയാര്‍ഥി.
സ്വന്തം മണ്ണും വീടും നഷ്ടപെട്ട
ഞാന്‍ !

പിടിച്ചെടുത്ത എന്റെതെല്ലാം
എനിക്ക് തിരിച്ചു തരിക.

________________
*വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ പട്ടാളത്തിന്റെ
വെടികൊണ്ട് പിതാവിന്റെ മുന്നില്‍ മരിച്ച കുട്ടി.

Saturday, February 19, 2011

*ദര് വീശിന്റെ ആകാശം

പക്ഷികള്‍ കൂട് വിട്ടിരിക്കുന്നു !
ഞാന്‍ അരിഞ്ഞ അവയുടെ
ചിറകുകള്‍
ആരുടെയോ കവിതകളില്‍ ജീവന്‍ വെച്ചു
ആകാശത്തെ വലം വെക്കുന്നു.
ഈ ഒഴിഞ്ഞ കൂട് ഇനിയെങ്ങിനെ
വില്‍പ്പനക്ക് വെക്കും !
തെരുവ് കല്ലെറിയുന്നതിനു മുമ്പ് പറയൂ,
ചിറകു മുളപ്പിച്ച നിങ്ങളുടെ
ആ കവിതകള്‍ക്ക്
എന്ത് വില തരണം ?
____________
*ഫലസ്തീനി കവി