Tuesday, January 29, 2013

മുഖമില്ലാത്തവള്‍ !

ഡല്‍ഹിയിലല്ലെ ,
ആ പെണ്‍കുട്ടിയല്ലെ !
ഒരു ഉള്കിടിലവും
എന്നിലില്ലാതെ പോയത് അത് കൊണ്ടാവും !
നിങ്ങളിലും !

എങ്കിലും 
ഡല്‍ഹിയിലെ പേരില്ലാ പെണ്‍കുട്ടി
മുന്നിലോ, പിറകിലോ
ഇടത്തോ, വലത്തോ
അതോ ഒരു വേള ഞാന്‍ തന്നെയോ
എന്ന് ശങ്കിച്ച് പോകും
ചില നേരങ്ങളില്‍ !

വിജനമായ പാതകള്‍ 
ഫണംവിടര്‍ത്തി ചുറ്റി വരിയുന്ന 
ഒരു നാഗമായി ഭയപ്പെടുത്തും !
ഒരു സ്വപ്നം പോലെ
ഡല്‍ഹിയിലെ ആ പെണ്‍കുട്ടിയുടെ
കരച്ചില്‍ എന്റെ ശബ്ദമാകും !

ബസ്സുകള്‍ കാണുമ്പോള്‍
ഓര്മ വരും.
ഡല്‍ഹിയിലെ ആ പെണ്‍കുട്ടിയുടെ കരച്ചില്‍ !
എല്ലാ ബസ്സുകളും അതുപോലല്ലോ !
എങ്കിലും സ്വപ്നത്തില്‍
മാംസം തെറിപ്പിച്ചു ഒരു ബസ്
ആര്‍ത്തു ചിരിച്ചു കടന്നു പോകും !

വെറുതെയെന്തിനാ
അതുമിതും ആലോചിച്ച് !
ആ പെണ്‍കുട്ടി ഞാനല്ലല്ലോ
ആ വേദന എന്റെയല്ലല്ലോ !
എങ്കിലും ഭയപ്പെടുത്തുന്നു 
വിജനമായ  വഴികള്‍ !

Wednesday, February 29, 2012

പ്രണയം

ഒരു ചെറു കാറ്റ് മതി,
നിന്റെ ജ്വാല അണയാന്‍ !
ഇതളുകള്‍ പൊഴിയാന്‍ !
സുഗന്ധം നഷ്ടപെടാന്‍ !
അത്‌ കൊണ്ടാണ്
എന്റെ കൈകള്‍ നിന്നെ
ചൂടി നില്‍ക്കുന്നത് !

Wednesday, October 5, 2011

“മനുഷ്യരുടെ” ലോകം !!

ബോംബു പൊട്ടിയെന്ന് ബാഗ്ദാദിന്റെ
തെരുവുകളിലൊന്നു ചിതറി പിടയുന്നു..
എന്നും പിടയാറുണ്ട് ഓരോ തെരുവും..
നഗരങ്ങളിലെ തെരുവുകള്‍ അങ്ങിനെയാണ്
ഓര്‍മകളില്‍ മായാതെ നില്‍ക്കുക !

ബാഗ്ദാദ്, ബസ്ര, നജഫ്,
മലഗോവ്, അഹ്മെദാബാദ്....!
പൊട്ടുന്നിടതൊക്കെ അതിനു ഒരേ ശബ്ദം,
ഒരലര്‍ച്ചയില്‍,
തെരുവ് നാല് പാടും ചിതറിയിട്ടുണ്ടാകും !

എന്തിനാണ് തെരുവേ,
നീ മനുഷ്യരെ ഇങ്ങിനെ കൊലക്ക്
കൊടുക്കുന്നത് എന്ന് ചോദിക്കാതെ
അവര്‍ തെരുവില്‍ ചിതറിയങ്ങിനെ
കിടക്കും !

തെരുവിന് പേടിയാണ് !
ഒന്ന് പൊട്ടിയാല്‍ വിറങ്ങലിച്ചു
കുറച്ചു നേരം മരിച്ചവരോടൊപ്പം
കിടക്കും !കരയുന്നവരെ നോക്കും !

അടുത്ത പ്രഭാതത്തില്‍ ജീവിച്ചിരിക്കുന്നവരുടെ
തെരുവ് ഉണരും.
അവര്‍ തിരിച്ചെത്തും വരെ

എവിടെയും വീടുകള്‍ ഉറങ്ങാറില്ല !

ബാഗ്ധാദിനെ പോലെ
ചിതറി തെറിക്കുന്ന തെരുവുകളില്‍
ശവങ്ങള്‍ മനുഷ്യനെ ഭീതിയോടെ
നോക്കും ! മനുഷ്യന്‍ ശവങ്ങളെയും !

ബോംബു പൊട്ടിക്കുന്നത്
പൊട്ടിക്കുന്നവര്‍ക്ക് ഒരു രസമാണോ ?
അതു കൊണ്ടാണോ അവര്‍ വീണ്ടും
വീണ്ടും പൊട്ടിച്ചു കൊണ്ടിരിക്കുന്നത് !

Sunday, October 2, 2011

പ്രവാസം

നാട് !
നഷ്പെട്ടെന്നു കരുതുന്ന വസന്തം !
നോക്കുന്നിടത്തൊക്കെ ഗന്ധം
നഷ്ടപെട്ട ഓര്‍മകളുടെ പച്ചപ്പ്‌ !
അടച്ചിട്ട ചുമരുകള്‍ക്കുള്ളില്‍
സ്വന്തം വീടിന്റെ മങ്ങിയ ചിത്രം..
എന്തോ നഷ്ടപെട്ടെന്നു
തിരഞ്ഞു തിരഞ്ഞു തീര്‍ന്നു പോകുന്നു !

Sunday, February 27, 2011

ജന്തുലോകം

കല്ലാണ് വിളിച്ചു പറഞ്ഞത്‌,
കുത്തി ചതച്ച പാട് !
ചാഞ്ഞു കിടന്ന പുല്‍കൊടികളാണ്
വലിച്ചാണ് കൊണ്ട് പോയതെന്ന് പറഞ്ഞത്.
പിടഞ്ഞു തീര്‍ന്നപ്പോള്‍

അവശേഷിച്ച അവളുടെ ചോദ്യം,
അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
നിങ്ങളുടെ കണ്ണുകള്‍ !

Tuesday, February 22, 2011

ഫലസ്തീന്‍

നിങ്ങളെ മറക്കുക.
ഫലസ്തീനികളില്‍ ഒരാളാകുക.
ഭയപെടുത്തുന്ന

ആക്രോശത്തില്‍ നിങ്ങളുടെ
വീട് നില്‍ക്കുന്നിടം
ശൂന്യമാകുന്നതും
നിങ്ങള്‍ അഭയാര്‍ഥിയായി
അലയുന്ന കാഴ്ചയും
ദൃശ്യമാകും.
നനച്ചു വളര്‍ത്തിയിരുന്ന
ഒലിവുമരം ഉണങ്ങിയിരിക്കുന്നു.
ആ മരതണലില്‍
കളിച്ചിരുന്ന വെടികൊണ്ട് മരിച്ച
*ദുര്‍റയുടെ കണ്ണില്‍ മാത്രമാണ്
അതിന്റെ പച്ചപ്പ്‌.
അബുദുര്‍റക്ക് മകനെ പോലെയാണ്
ഒലീവ്.
പച്ച ഒലീവിലകള്‍ കയ്യില്‍ പിടിച്ചു
സ്വന്തം മണ്ണിനെ മണത്തു നടക്കുന്നുണ്ട്
ഇപ്പോഴും !
മണ്ണിന്റെ അവകാശികള്‍
അഭയാര്‍ഥികള്‍ മാത്രമാണെന്ന്
നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി കാണും.
ഇനി നിങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് വരിക.
നിങ്ങള്ക്ക് മുമ്പില്‍

ഇതാ ഒരു അഭയാര്‍ഥി.
സ്വന്തം മണ്ണും വീടും നഷ്ടപെട്ട
ഞാന്‍ !

പിടിച്ചെടുത്ത എന്റെതെല്ലാം
എനിക്ക് തിരിച്ചു തരിക.

________________
*വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ പട്ടാളത്തിന്റെ
വെടികൊണ്ട് പിതാവിന്റെ മുന്നില്‍ മരിച്ച കുട്ടി.

Saturday, February 19, 2011

*ദര് വീശിന്റെ ആകാശം

പക്ഷികള്‍ കൂട് വിട്ടിരിക്കുന്നു !
ഞാന്‍ അരിഞ്ഞ അവയുടെ
ചിറകുകള്‍
ആരുടെയോ കവിതകളില്‍ ജീവന്‍ വെച്ചു
ആകാശത്തെ വലം വെക്കുന്നു.
ഈ ഒഴിഞ്ഞ കൂട് ഇനിയെങ്ങിനെ
വില്‍പ്പനക്ക് വെക്കും !
തെരുവ് കല്ലെറിയുന്നതിനു മുമ്പ് പറയൂ,
ചിറകു മുളപ്പിച്ച നിങ്ങളുടെ
ആ കവിതകള്‍ക്ക്
എന്ത് വില തരണം ?
____________
*ഫലസ്തീനി കവി