Tuesday, January 4, 2011

പ്രതിരോധം

കുടിയിറക്കപെടുന്ന
ഓരോന്നിലും
ഫലസ്തീന്‍* ഉണ്ട്

കവര്‍ന്നെടുക്കുന്ന
ഓരോന്നിലും
ആരുടെയോ
അധിനിവേശമുണ്ട്.

ഒന്നുമില്ലാത്തവന്റെ
പ്രതിരോധത്തിലേക്ക്
കല്ലുകള്‍ കടന്നു
വരുന്നത്
അപ്പോഴാണോ ?

ഓരോ കല്ലുകളിലും
ഓരോ സമൂഹത്തിന്റെ
പ്രധിരോധമുണ്ടായിരിക്കുമോ ?

ഞാന്‍
ഫലസ്തീനിലെ കുട്ടിയുടെ
കയ്യില്‍ കണ്ട കല്ല്‌ പോലൊന്ന്
ഓരോരുത്തരിലും ഉണ്ടെന്നു
തോന്നുന്നൂ.
______________________

*ജന്മനാട്ടില്‍ കുടിയിറക്കപെടുന്ന ജനത

Sunday, January 2, 2011

ജീവിതം

തിരഞ്ഞു തിരഞ്ഞ്
എന്താണ് തിരയുന്നതെന്ന്
മറന്നു പോകും.
തിരിഞ്ഞും മറിഞ്ഞും
മേലോട്ടും കീഴോട്ടും
നോക്കും.
കണ്ണില്‍പ്പെട്ടാലും
തിരഞ്ഞു കൊണ്ടിരിക്കും.
എന്താണ് തിരയുന്നതെന്ന്
ഒരു നിമിഷം
ഓര്‍മയിലേക്ക് തിരിച്ചു
നടക്കും.
നടക്കുന്നിതിനിടയില്‍
കണ്ടു മറന്നെന്ന പോലെ
ചിരിച്ചു നില്‍ക്കും.
എന്റെ പ്രണയമേ,
നിന്നെയന്വേഷിച്ചു നടന്നു
നടന്ന് കിതച്ചു
തീര്‍ന്നുവല്ലോ എന്ന് സങ്കടപെടും !

Thursday, December 30, 2010

ഭൂമിക്കു വേണ്ടി....

ഇനിയൊരു ആകാശം വരും.
എല്ലാവരെയും സൂര്യന് കീഴെ
പുണരും.
പുതുവര്‍ഷമെന്നു പറഞ്ഞു
ചില ബഹളങ്ങള്‍ തെരുവ് കടന്നു
പോകും.
ചില പ്രണയങ്ങള്‍ ഓര്‍മകളിലേക്ക്
നടക്കും.
വിപ്ലവങ്ങള്‍ വാര്‍ധക്യത്തില്‍ പെട്ട്
ശ്വാസമടക്കി ആകാശം നോക്കും.
പുതിയ ഭൂമി !
പുതിയ ആകാശം!
തങ്ങള്‍ സ്വപ്നം കണ്ടതല്ലല്ലോ
ഇവയെന്ന് പിറുപിറുക്കും.
പുതുവര്‍ഷത്തിലേക്ക് സ്വഗതമെന്നു
ഒരു ശബ്ദം ഇടറി തെരുവില്‍
കിടക്കും...
അന്നേരം
സൂര്യന്‍ ഉണര്‍ന്നു പറയും
ഈ ഭൂമി, ഈ ആകാശം
എനിക്കായി ബാക്കി വെക്കണം.
നാളേക്ക് വേണ്ടി !

Wednesday, December 29, 2010

ഷാഹിന ചിരിക്കുന്നു !

ഈ വെളിച്ചത്തിലും
ആരെയൊക്കെയോ നിങ്ങള്‍
ഭയപെട്ടിരുന്നു.
ഇന്നലെയും ഒരു ഭീതിയുടെ
അലര്‍ച്ച കേട്ടിരുന്നു.
വിറങ്ങലിച്ചു നിന്നിരുന്ന
ഇരുട്ടില്‍ ഭീതിയുടെ അലര്‍ച്ച !
നീതിയോ, അനീതിയോ !
ആരുടെ കഴുത്തിലാണ്
കയര്‍ കുരുങ്ങിയിട്ടുണ്ടാവുക !
ഉറക്കത്തില്‍ എന്ന പോലെ
എല്ലാവരും കണ്ണടച്ചപ്പോള്‍
നിങ്ങളിലേക്ക് എത്താന്‍ ഞാന്‍
വെട്ടിയ വഴികള്‍
മാത്രം ദൃക്സാക്ഷി..
എന്നീട്ടും തീവ്രവാദിയെന്ന് എന്നെ
വിളി കേള്‍പ്പിക്കുന്നത്
അതെ വഴികള്‍ തന്നെയാണ് !


Sunday, December 12, 2010

ബാഗ്ദാദ്

ബാഗ്ദാദിന്റെ തെരുവിലെ
കിതപ്പില്‍
ഒരു ജീവിതം ചാവേറെന്നു
പറഞ്ഞു പൊട്ടിത്തെറിച്ചു.
ഇത് നിങ്ങളുടെതാണോ
അതോ, ഇതോ നിങ്ങളുടേത്
എന്ന് തെരുവ് വിതുമ്പി,
കുട്ടികളുടെ രൂപങ്ങള്‍
ചില്ല് കഷ്ണങ്ങള്‍ പോലെ
അടുക്കി വെച്ചു.
ആരാണ്, എന്തിനാണ് എന്ന
ചോദ്യം കേള്‍ക്കാതെ
വീണ്ടും പ്രഭാതങ്ങള്‍.
ബാഗ്ദാദിന്റെ തെരുവ്
കണ്ണ് നനക്കുന്നു ...

Wednesday, November 10, 2010

ഒരു തുള്ളിയാകുക !

നിന്റെ ജല തരംഗങ്ങളില്‍
കേള്‍ക്കുന്നുണ്ട്
കാലങ്ങളുടെ ഒഴുക്ക്.
മാതൃത്വത്തിന്റെ കണ്ണ് നീര്‍ പുറത്തെടുത്ത
മണ്ണിന്റെ സ്വകാര്യം.
ഇടറാത്ത വിശ്വാസത്തിന്റെ
പദനിസ്വനം.
ഇപ്പോള്‍ ഞാന്‍
നിന്റെ വിളികേട്ടു
സംസമിലേക്ക് വീഴാന്‍ വെമ്പുന്ന
ഒരു തുള്ളി !
__________________
പവിത്രം-സംസം.
നിങ്ങളും ഒരു തുള്ളിയാകുക
"" ഈദാശംസകള്‍""

Friday, October 15, 2010

പ്രകൃതി

ഒഴുകിയ വഴികള്‍ മറന്നൊരു പുഴയും
പുഴയോരത്തൊരു കുടവും
ദാഹിച്ചു വലഞ്ഞു പരസ്പരം മിണ്ടാതെ!
അവര്‍ അറിഞ്ഞില്ല, എന്റെ പര്‍ണ്ണശാല
ഞാനെന്നേ ശീതീകരിച്ചിരിക്കുന്നു.
എന്റെ തപസ്സിനു ആശ്രമകന്യക ഇനിയെന്തിന് !
ഫ്രിഡ്ജില്‍ കോളയും, പെപ്സിയും
ഉറവയായുണ്ട്.
എനിക്ക് ദാഹമില്ല,
കാഴ്ചകളില്‍ നോവുകളില്ല.
മരവിച്ച ഹൃദയം കോളയോടൊപ്പം
ഫ്രിട്ജിലുണ്ട്.
പ്രകൃതിയെ വിട്ടു അവര്‍ പരസ്പരം
പ്രണയത്തിനു വിലപേശുകയാണ്.
ഈ അസമയത്ത് പര്‍ണ്ണശാലയ്ക്കു പുറത്തു
കരയുന്നത് ആരാണ് !