Wednesday, October 5, 2011

“മനുഷ്യരുടെ” ലോകം !!

ബോംബു പൊട്ടിയെന്ന് ബാഗ്ദാദിന്റെ
തെരുവുകളിലൊന്നു ചിതറി പിടയുന്നു..
എന്നും പിടയാറുണ്ട് ഓരോ തെരുവും..
നഗരങ്ങളിലെ തെരുവുകള്‍ അങ്ങിനെയാണ്
ഓര്‍മകളില്‍ മായാതെ നില്‍ക്കുക !

ബാഗ്ദാദ്, ബസ്ര, നജഫ്,
മലഗോവ്, അഹ്മെദാബാദ്....!
പൊട്ടുന്നിടതൊക്കെ അതിനു ഒരേ ശബ്ദം,
ഒരലര്‍ച്ചയില്‍,
തെരുവ് നാല് പാടും ചിതറിയിട്ടുണ്ടാകും !

എന്തിനാണ് തെരുവേ,
നീ മനുഷ്യരെ ഇങ്ങിനെ കൊലക്ക്
കൊടുക്കുന്നത് എന്ന് ചോദിക്കാതെ
അവര്‍ തെരുവില്‍ ചിതറിയങ്ങിനെ
കിടക്കും !

തെരുവിന് പേടിയാണ് !
ഒന്ന് പൊട്ടിയാല്‍ വിറങ്ങലിച്ചു
കുറച്ചു നേരം മരിച്ചവരോടൊപ്പം
കിടക്കും !കരയുന്നവരെ നോക്കും !

അടുത്ത പ്രഭാതത്തില്‍ ജീവിച്ചിരിക്കുന്നവരുടെ
തെരുവ് ഉണരും.
അവര്‍ തിരിച്ചെത്തും വരെ

എവിടെയും വീടുകള്‍ ഉറങ്ങാറില്ല !

ബാഗ്ധാദിനെ പോലെ
ചിതറി തെറിക്കുന്ന തെരുവുകളില്‍
ശവങ്ങള്‍ മനുഷ്യനെ ഭീതിയോടെ
നോക്കും ! മനുഷ്യന്‍ ശവങ്ങളെയും !

ബോംബു പൊട്ടിക്കുന്നത്
പൊട്ടിക്കുന്നവര്‍ക്ക് ഒരു രസമാണോ ?
അതു കൊണ്ടാണോ അവര്‍ വീണ്ടും
വീണ്ടും പൊട്ടിച്ചു കൊണ്ടിരിക്കുന്നത് !

Sunday, October 2, 2011

പ്രവാസം

നാട് !
നഷ്പെട്ടെന്നു കരുതുന്ന വസന്തം !
നോക്കുന്നിടത്തൊക്കെ ഗന്ധം
നഷ്ടപെട്ട ഓര്‍മകളുടെ പച്ചപ്പ്‌ !
അടച്ചിട്ട ചുമരുകള്‍ക്കുള്ളില്‍
സ്വന്തം വീടിന്റെ മങ്ങിയ ചിത്രം..
എന്തോ നഷ്ടപെട്ടെന്നു
തിരഞ്ഞു തിരഞ്ഞു തീര്‍ന്നു പോകുന്നു !

Sunday, February 27, 2011

ജന്തുലോകം

കല്ലാണ് വിളിച്ചു പറഞ്ഞത്‌,
കുത്തി ചതച്ച പാട് !
ചാഞ്ഞു കിടന്ന പുല്‍കൊടികളാണ്
വലിച്ചാണ് കൊണ്ട് പോയതെന്ന് പറഞ്ഞത്.
പിടഞ്ഞു തീര്‍ന്നപ്പോള്‍

അവശേഷിച്ച അവളുടെ ചോദ്യം,
അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
നിങ്ങളുടെ കണ്ണുകള്‍ !

Tuesday, February 22, 2011

ഫലസ്തീന്‍

നിങ്ങളെ മറക്കുക.
ഫലസ്തീനികളില്‍ ഒരാളാകുക.
ഭയപെടുത്തുന്ന

ആക്രോശത്തില്‍ നിങ്ങളുടെ
വീട് നില്‍ക്കുന്നിടം
ശൂന്യമാകുന്നതും
നിങ്ങള്‍ അഭയാര്‍ഥിയായി
അലയുന്ന കാഴ്ചയും
ദൃശ്യമാകും.
നനച്ചു വളര്‍ത്തിയിരുന്ന
ഒലിവുമരം ഉണങ്ങിയിരിക്കുന്നു.
ആ മരതണലില്‍
കളിച്ചിരുന്ന വെടികൊണ്ട് മരിച്ച
*ദുര്‍റയുടെ കണ്ണില്‍ മാത്രമാണ്
അതിന്റെ പച്ചപ്പ്‌.
അബുദുര്‍റക്ക് മകനെ പോലെയാണ്
ഒലീവ്.
പച്ച ഒലീവിലകള്‍ കയ്യില്‍ പിടിച്ചു
സ്വന്തം മണ്ണിനെ മണത്തു നടക്കുന്നുണ്ട്
ഇപ്പോഴും !
മണ്ണിന്റെ അവകാശികള്‍
അഭയാര്‍ഥികള്‍ മാത്രമാണെന്ന്
നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി കാണും.
ഇനി നിങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് വരിക.
നിങ്ങള്ക്ക് മുമ്പില്‍

ഇതാ ഒരു അഭയാര്‍ഥി.
സ്വന്തം മണ്ണും വീടും നഷ്ടപെട്ട
ഞാന്‍ !

പിടിച്ചെടുത്ത എന്റെതെല്ലാം
എനിക്ക് തിരിച്ചു തരിക.

________________
*വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ പട്ടാളത്തിന്റെ
വെടികൊണ്ട് പിതാവിന്റെ മുന്നില്‍ മരിച്ച കുട്ടി.

Saturday, February 19, 2011

*ദര് വീശിന്റെ ആകാശം

പക്ഷികള്‍ കൂട് വിട്ടിരിക്കുന്നു !
ഞാന്‍ അരിഞ്ഞ അവയുടെ
ചിറകുകള്‍
ആരുടെയോ കവിതകളില്‍ ജീവന്‍ വെച്ചു
ആകാശത്തെ വലം വെക്കുന്നു.
ഈ ഒഴിഞ്ഞ കൂട് ഇനിയെങ്ങിനെ
വില്‍പ്പനക്ക് വെക്കും !
തെരുവ് കല്ലെറിയുന്നതിനു മുമ്പ് പറയൂ,
ചിറകു മുളപ്പിച്ച നിങ്ങളുടെ
ആ കവിതകള്‍ക്ക്
എന്ത് വില തരണം ?
____________
*ഫലസ്തീനി കവി

Tuesday, January 4, 2011

പ്രതിരോധം

കുടിയിറക്കപെടുന്ന
ഓരോന്നിലും
ഫലസ്തീന്‍* ഉണ്ട്

കവര്‍ന്നെടുക്കുന്ന
ഓരോന്നിലും
ആരുടെയോ
അധിനിവേശമുണ്ട്.

ഒന്നുമില്ലാത്തവന്റെ
പ്രതിരോധത്തിലേക്ക്
കല്ലുകള്‍ കടന്നു
വരുന്നത്
അപ്പോഴാണോ ?

ഓരോ കല്ലുകളിലും
ഓരോ സമൂഹത്തിന്റെ
പ്രധിരോധമുണ്ടായിരിക്കുമോ ?

ഞാന്‍
ഫലസ്തീനിലെ കുട്ടിയുടെ
കയ്യില്‍ കണ്ട കല്ല്‌ പോലൊന്ന്
ഓരോരുത്തരിലും ഉണ്ടെന്നു
തോന്നുന്നൂ.
______________________

*ജന്മനാട്ടില്‍ കുടിയിറക്കപെടുന്ന ജനത

Sunday, January 2, 2011

ജീവിതം

തിരഞ്ഞു തിരഞ്ഞ്
എന്താണ് തിരയുന്നതെന്ന്
മറന്നു പോകും.
തിരിഞ്ഞും മറിഞ്ഞും
മേലോട്ടും കീഴോട്ടും
നോക്കും.
കണ്ണില്‍പ്പെട്ടാലും
തിരഞ്ഞു കൊണ്ടിരിക്കും.
എന്താണ് തിരയുന്നതെന്ന്
ഒരു നിമിഷം
ഓര്‍മയിലേക്ക് തിരിച്ചു
നടക്കും.
നടക്കുന്നിതിനിടയില്‍
കണ്ടു മറന്നെന്ന പോലെ
ചിരിച്ചു നില്‍ക്കും.
എന്റെ പ്രണയമേ,
നിന്നെയന്വേഷിച്ചു നടന്നു
നടന്ന് കിതച്ചു
തീര്‍ന്നുവല്ലോ എന്ന് സങ്കടപെടും !